ഞണ്ടിറുക്കി വെള്ളച്ചാട്ടം, കേരള ടൂറിസം ഭൂപടത്തിലേക്ക് തൊടുപുഴയുടെ സംഭാവന

ഞണ്ടിറുക്കി വെള്ളച്ചാട്ടം, കേരള ടൂറിസം ഭൂപടത്തിലേക്ക് തൊടുപുഴയുടെ സംഭാവന

കേരളത്തിന്റെ ഹോളിവുഡ് എന്ന് അറിയപ്പെടുന്ന തൊടുപുഴയിൽ നിന്ന് പത്തൊൻപതു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വെള്ളച്ചാട്ടം ആണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. 

സഞ്ചാരികൾ അധികമൊന്നും കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ സ്ഥലം ആണ് പൂമാല പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. ഞണ്ടു ഇറുക്കുന്ന ആകൃതിയിൽ ഇരിക്കുന്ന രണ്ട് പാറക്കെട്ടുകളക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകള്‍ക്കിടയിലൂടെ തല്ലിത്തെറിച്ച് 200 അടിയോളം താഴേക്ക് പതിക്കുന്നതുകൊണ്ടാണ് ഞണ്ടിറുക്കി എന്ന പേര് വന്നത്. തിക്കും തിരക്കുമില്ലാതെ പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഈ വെള്ളച്ചാട്ടം. 

ഏതു പ്രായക്കാർക്കും എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. റോഡിൽ നിന്നും ഇടതു വശത്തു കൂടി ഒരു കോൺക്രീറ്റ് നടപ്പാതയുണ്ട് വെള്ളച്ചാട്ടത്തിൽ എത്താൻ, നടപ്പു സുഖകരമാക്കാനും അപകടം ഒഴിവാക്കാനും നടപ്പാതയുടെ ഒരു വശത്തു കൈപിടിയുമുണ്ട്. മഴക്കാലത്തു ഈ പ്രദേശം തെന്നി കിടക്കുന്നതിനാൽ ഈ കൈപിടി സഞ്ചാരികൾക്ക് വളരെ സഹായകരമാണ്. കാലവർഷത്തിൽ ഞണ്ടിറുക്കി അപകടകാരിയാണെങ്കിലും അല്ലാത്ത സമയത്തു തൊട്ടു അടുത്ത് പോയി ഭംഗി ആസ്വദിക്കവുന്നതാണ്. മഴക്കാലത്ത് ഇവിടം സന്ദർശിക്കുന്ന സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ് 200 അടിയോളം താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. 

സന്ദർശകർക്ക് ഇരുന്നു ഭംഗി ആസ്വദിക്കാൻ അധികം ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽ ചെറിയ പാറകളും ഉണ്ട്. ഈ വെള്ളച്ചാട്ടത്തിനു മുകളിലായി ഒരു വ്യൂ പോയിന്റും ഉണ്ട്, അവിടെ നിന്ന് നോക്കിയാൽ വെള്ളച്ചാട്ടം കൂടാതെ പച്ചപ്പ് നിറഞ്ഞ സമീപപ്രദേശങ്ങളും മലനിരകളും ആസ്വദിക്കവുന്നതാണ്.ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും നിര്ബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ് ഈ വെള്ളച്ചാട്ടം. തൊടുപുഴയിൽ ടൂറിസം വികസിക്കാൻ നല്ല സാധ്യത ഉള്ള ഒരു വിനോദസഞ്ചാര മേഖലയാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം .

വെള്ളിയാമറ്റം പഞ്ചായത്തും അധികാരികളും പ്രവേശനഫീസ് ഏർപെടുത്തി സന്ദർശനം നിയന്ത്രിച്ചാൽ പഞ്ചായത്തിനു വരുമാനമാകുന്ന മുതൽക്കൂട്ടാകും ഈ പ്രദേശം .

ഈ വരുമാനം ഉപയോഗിച്ച് ഞണ്ടിറുക്കി ടൂറിസം പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ നടത്താനും സാധിക്കും. വെള്ളച്ചാട്ടത്തിനു മുകളിൽ അപകടരഹിതമായി എത്തിച്ചേരാൻ കഴിയുന്നതരത്തിൽ പടവകളും

കൈവരികളും നിർമ്മിച്ചാൽ ഒരുപക്ഷേ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാർ എത്തുന്ന ടൂറിസം സ്പോട് ആകാൻ ഞണ്ടിറുക്കി വെള്ളച്ചാട്ടതിന്ന് സാധിക്കും.

വിവരണം - നമിത ബ്രിജിറ്റ് ടോം - ടൂറിസം വിദ്യാർഥിനി മരിയൻ കോളേജ് കുട്ടിക്കാനം